Society Today
Breaking News

കൊച്ചി: ബിഎസ്എന്‍എല്‍, എം.ടി.എന്‍.എല്‍ എന്നീ  സ്ഥാപനങ്ങള്‍  പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി   ബിഎസ്എന്‍എല്ലിന്റെ ഉടമസ്ഥതയിലുള്ള ഭൂമികളും  കെട്ടിട ആസ്തികളും വില്‍പ്പന നടത്തി ധനസമ്പാദനം നടത്തുന്നതിനുള്ള നയം ടെലികോം വകുപ്പ് അംഗീകരിച്ചതായി  ബി.എസ്.എന്‍.എല്‍ എറണാകുളം ബിസിനസ് ഏരിയ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ വി. സുരേന്ദ്രന്‍  വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പരമാവധി ആസ്തി  വിനിയോഗത്തിലൂടെ സാമ്പത്തിക സ്ഥിരത കൈവരിക്കുകയെന്ന തന്ത്രപരമായ ആവശ്യം പരിഹരിക്കുന്നതിനുള്ള നയമാണ് ബിഎസ്എന്‍എല്‍ കോര്‍പ്പറേറ്റ് ഓഫീസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.സാങ്കേതിക നവീകരണവും 2020 ലെ ജീവനക്കാരുടെ സ്വയം വിരമിക്കലും കാരണം  ഇന്ത്യയിലുടനീളം അധിക ഭൂമിയും കെട്ടിടങ്ങളിലെ സ്ഥല ലഭ്യതയും ഉണ്ടായിട്ടുണ്ട്. അങ്ങനെ  ഉപയോഗിക്കാത്തതോ മിച്ചമുള്ളതോ ആയ ഭൂമി  ആസ്തികള്‍  സ്ഥാപനത്തിന്റെ  ധനസമ്പാദന ആവശ്യത്തിനായി  വില്‍ക്കുന്നതിനാണ്  ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്.

ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ ഇരുപത്തിനാല് മിച്ചഭൂമി പാഴ്‌സലുകള്‍ ആണ് ഇങ്ങനെ  കണ്ടെത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഒഴിഞ്ഞുകിടക്കുന്ന രണ്ടു ഭൂമികളാണ്  ഇടെന്‍ഡര്‍ വഴിയും തുടര്‍ന്ന് എംഎസ്ടിസി വഴി ഇലേലത്തിലൂടെയും വില്‍ക്കാനുള്ള നടപടികള്‍ കേരള സര്‍ക്കിളില്‍ ആരംഭിച്ചിരിക്കുന്നത്. മത്സരാധിഷ്ഠിത ലേല പ്രക്രിയയിലൂടെയാണ് വില്‍പ്പന. അതില്‍ ഒന്നു എറണാകുളം ബിസിനസ് മേഖലയില്‍ ആലുവ ചൂണ്ടി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലാണ്. 16.47 കോടി കരുതല്‍ വിലയുള്ള 9000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമാണ് വില്‍പ്പനക്കുള്ളത്. വിശദാംശങ്ങള്‍   https://www.mstcecommerce.com
എന്ന പോര്‍ട്ടലില്‍ ലഭ്യമാകുമെന്നും വി. സുരേന്ദ്രന്‍  അറിയിച്ചു.ലേല ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ ഒന്നിന് ഉച്ചക്ക് മൂന്നു മണിയാണ്. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ ലത കെ, അനിത കെ എന്നിവരും ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ സജികുമാര്‍ ആര്‍, സീനിയര്‍ ജനറല്‍ മാനേജര്‍ സതീഷ് ആര്‍ എന്നിവര്‍ ഓണ്‍ലൈനായും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Top